അമരാവതി: പുഷ്പ 2 പ്രദർശനത്തിനിടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ രായദുർഗത്തെ തിയേറ്ററിലാണ് 35 കാരനായ ഹരിജന മധന്നപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാറ്റിനി ഷോയ്ക്ക് ശേഷം വൃത്തിയാക്കാനായി ശുചീകരണത്തൊഴിലാളികളെത്തിയപ്പോഴായിരുന്നു ഇയാളെ ബോധരഹിതനായി കണ്ടെത്തിയത്. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അല്ലു അർജുൻ ആരാധകനാണ് ഹരിജന മധന്നപ്പ. സ്ഥിര മദ്യപാനിയായ ഇയാൾ തിയേറ്ററിലേക്കും മദ്യപിച്ചാണെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മരണം സംഭവിച്ചതെപ്പോഴാണെന്ന് വ്യക്തമല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറഞ്ഞു. അതേസമയം മരണ വിവരം അറിഞ്ഞിട്ടും തിയേറ്റർ അധികൃതർ ആശുപത്രിയിൽ എത്തിക്കുന്നതിനോ പ്രദർശനം നിർത്തിവയ്ക്കുന്നതിനോ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.