മുഖക്കുരു പലരെയും സംബന്ധിച്ച് ഒരു സൗന്ദര്യപ്രശ്‌നമാണ്. എന്നാല്‍ അതിനും അപ്പുറം നമ്മുടെ ആരോഗ്യനിലയെ പറ്റി പല മുന്നറിയിപ്പുകളും മുഖക്കുരുവിന് നല്‍കാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത് .
ഇപ്പോഴിതാ ചെറിയൊരു മുഖക്കുരു പിന്നീട് കാൻസറായി മാറിയതിനേക്കുറിച്ച് പറയുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള യുവതി. നെറ്റിയിൽ കണ്ട ചെറിയൊരു തടിപ്പ് മുഖക്കുരുവാണെന്ന് കരുതിയെങ്കിലും പരിശോധനയിൽ ചർമാർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
റേച്ചൽ ഒലീവിയ എന്ന 32 കാരിയുടെ നെറ്റിയിലാണ് ചുവന്ന നിറത്തിലെ ചെറിയ കുരു കണ്ടത്. പിന്നീട് ആ ഭാഗം ഇളകി മാറി . ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ മുറിവ് ഉണങ്ങിയില്ല. തുടർന്ന് റേച്ചൽ ഡോക്ടറുടെ സഹായം തേടി. പിന്നാലെ ഡോക്ടർ റേച്ചലിനെ ബയോപ്സിയ്‌ക്ക് വിധേയയാക്കി. പിന്നാലെയാണ് ഈ കുരു സ്കിൻ ക്യാൻസറിന്റെ ഭാഗമാണെന്ന് കണ്ടെത്തിയത്.
ഏതാണ്ട് ഒരുവർഷത്തോളം മുഖത്ത് ആ തടിപ്പ് ഉണ്ടായിരുന്നുവെന്നും മാറാതെ നിന്നപ്പോഴാണ് വിദഗ്ധസഹായം തേടിയതെന്നും ഒലീവിയ പറഞ്ഞു.നിലവിൽ ബേസൽ സെൽ കാർസിനോമയ്‌ക്കുള്ള ചികിത്സയിലാണ് ഒലീവിയ.















