എറണാകുളം: അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ഇതുവരെ എത്ര ബോർഡുകൾ നീക്കം ചെയ്തുവെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഫ്‌ളക്‌സ് ബോർഡുകൾ അനധികൃതമായി സ്ഥാപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ധൈര്യം വേണമെന്നും കോടതി പറഞ്ഞു.
എത്ര എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു. എത്ര രൂപ പിഴ ഈടാക്കിയെന്നത് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ക്ഷേത്രത്തിൽ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ സർക്കാരിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിനും ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ച് ഫ്‌ളക്‌സ് ബോർഡ് വയ്‌ക്കാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്ന് കോടതി പറഞ്ഞു.
അതേസമയം നീക്കം ചെയ്ത ഫ്‌ളക്‌സ് ബോർഡുകളുടെ കണക്കുകൾ ക്യത്യമായി അറിയിക്കാമെന്ന് സർക്കാർ പറഞ്ഞു. അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കുലർ ഇറക്കിയതായും സർക്കാർ വ്യക്തമാക്കി.