തിരുവനന്തപുരം: മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിലാണ് സംഭവം. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. രഞ്ജിത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. പച്ചക്കറി കച്ചവടക്കാരനായ പ്രസാദാണ് രഞ്ജിത്തിനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രഞ്ജിത്തിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. കഴുത്തിലേറ്റ പരിക്ക് ഗുരുതരമാണ്.
രഞ്ജിത്തും പ്രസാദും ഒന്നിച്ചിരുന്നാണ് മദ്യപിച്ചത്. തുടർന്ന് ഓരോ കാര്യങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ പ്രസാദ് കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് രഞ്ജിത്തിനെ വെട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമം നടക്കുന്ന സമയത്ത് ഒരു സ്ത്രീ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. രഞ്ജിത്തും പ്രസാദും പരസ്പരം ആക്രമിക്കുന്നതും ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന സ്ത്രീയെയും സിസിടിവി ദൃശ്യത്തിൽ കാണാം.















