അല്ലു അർജുന്റെ പുഷ്പ 2 വമ്പൻ കളക്ഷനുമായി മുന്നേറുന്നതിനിടെ നടൻ സിദ്ധാർത്ഥ് സിനിമയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനുപിന്നാലെ സിദ്ധാർത്ഥിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ മികാ സിംഗ്.
പുഷ്പ 2 വിനെ കുറിച്ച് നിങ്ങൾ അഭിപ്രായപ്രകടനം നടത്തിയതിലൂടെ നിങ്ങളെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിനായിരുന്നു നിങ്ങൾ ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ലായിരുന്നു എന്ന തരത്തിലായിരുന്നു മികാ സിംഗിന്റെ പോസ്റ്റ്. അഭിപ്രായപ്രകടനത്തിലൂടെ കുറച്ചാളുകളെങ്കിലും നിങ്ങളെ തിരിച്ചറിഞ്ഞെന്നും മികാ സിംഗ് കുറിച്ചു.
യൂട്യൂബർ മദൻ ഗൗരിയുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു സിദ്ധാർത്ഥിന്റെ വിവാദ പരാമർശം. ബിഹാറിൽ നടത്തിയ പുഷ്പ 2 വിന്റെ പ്രമോഷൻ പരിപാടിക്കെത്തിയ ജനക്കൂട്ടം കാര്യമാക്കേണ്ടയെന്നും ജെസിബി വന്നാൽ പോലും കാണാൻ ആളുകൾ ഉണ്ടായിരിക്കുമെന്നുമായിരുന്നു സിദ്ധാർത്ഥിന്റെ പരാമർശം.
ഇന്ത്യയിൽ കയ്യടി വാങ്ങാൻ എളുപ്പമാണെന്നും എന്നു കരുതി അത് ലഭിക്കുന്നവർ വലിയവരാണെന്ന് വിചാരിക്കരുതെന്നും താരം പറഞ്ഞു. ഇതോടെ സിദ്ധാർത്ഥിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ 2 വിജയിക്കാത്തതിന്റെ വിഷമമാണ് താരത്തിനുള്ളതെന്നായിരുന്നു ചിലരുടെ കമന്റ്.