മുംബൈ: ആർബിഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു. ആർബിഐയുടെ 26 ാമത് ഗവർണറാണ് 56 കാരനായ സഞ്ജയ് മൽഹോത്ര. മൂന്ന് വർഷമാണ് കാലാവധി.
രാജസ്ഥാൻ കേഡറിൽ നിന്നുളള 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മൽഹോത്ര. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ റവന്യൂ വകുപ്പ് സെക്രട്ടറിയായും ഫിനാൻഷ്യൽ സർവ്വീസ് വിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഗവർണർമാരായ സ്വാമിനാഥൻ ജെ, എം രാജേശ്വർ റാവു, ടി റാബി ശങ്കർ എന്നിവരും പുതിയ ഗവർണറെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു.
പണപ്പെരുപ്പ നിരക്കിലെ നേരിയ വർദ്ധനയും ജിഡിപി വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിനെക്കാൾ ഇടിഞ്ഞതുമാണ് പുതിയ ആർബിഐ ഗവർണറെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികൾ. സെപ്തംബറിൽ അവസാനിച്ച പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് 5.4 ലേക്ക് എത്തിയിരുന്നു. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുളള ഒക്ടോബറിലെ പണപ്പെരുപ്പ നിരക്കും 6 ശതമാനത്തിന് മുകളിലായിരുന്നു.
ജിഡിപിയിൽ പ്രതീക്ഷിച്ചതിലും കുറവുണ്ടായതോടെ കരുതൽ ധനാനുപാത നിരക്ക് 4.50 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കഴിഞ്ഞ ദിവസം ആർബിഐ കുറച്ചിരുന്നു. നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കേണ്ട തുകയാണ് കരുതൽ ധനാനുപാതം. ഇതിൽ കുറവ് വന്നതോടെ വായ്പകൾ നൽകാൻ ബാങ്കുകൾക്ക് കൂടുതൽ തുക ലഭിക്കും.