തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെ വിവാഹത്തിന് പിന്നാലെ ശ്രദ്ധേയമായി നടി സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 2025-ലെ തന്റെ വാർഷിക രാശിയെ കുറിച്ച് പങ്കുവക്കുകയാണ് സാമന്ത. വിശ്വസ്തനും സ്നേഹസമ്പന്നനുമായ ജീവിതപങ്കാളിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ആരാധകരെ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.
ആമേൻ എന്ന വാക്കും സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. പുതിയ വർഷത്തിൽ പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ് താരം പങ്കുവക്കുന്നത്. വളരെ തിരക്കുള്ള വർഷമാകും, സാമ്പത്തികമായി വളർച്ച ഉണ്ടാകും, വലിയ ലക്ഷ്യങ്ങൾ സഫലീകരിക്കും, മാനസിക-ശാരീരിക ആരോഗ്യം കൈവരിക്കും, നല്ല അവസരങ്ങൾ തേടിവരും, വിശ്വസ്തനും സ്നേഹനിധിയുമായ ജീവിത പങ്കാളിയെ കണ്ടെത്തും, ഗർഭധാരണം എന്നിങ്ങനെയാണ് സാമന്തയുടെ വാർഷിക രാശിയിൽ പറയുന്നത്.
പോസ്റ്റിന് പിന്നാലെ പ്രതീക്ഷിക്കുന്നത് തന്നെ നടക്കട്ടെയെന്നും രാശി ഫലം യാഥാർത്ഥ്യമാവട്ടെയെന്നും ആരാധകർ ആശംസിച്ചു. ചില വർഷങ്ങൾ നമ്മളെ കൂടുതൽ വിജയത്തിലേക്ക് എത്തിക്കുമെന്നും എന്നാൽ മറ്റ് ചില വർഷങ്ങൾ നമ്മുടെ വ്യക്തിത്വത്തെ കെട്ടിപ്പടുക്കുന്നുവെന്നും മറ്റൊരു പോസ്റ്റിൽ സാമന്ത പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് സാമന്തയുടെ മുൻ ഭർത്താവും നടനുമായ നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹം നടന്നത്. ഹൈദരാബാദിൽ പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇതിന് പിന്നാലെ സാമന്തയുടെ പോസ്റ്റുകളും സ്റ്റോറികളും എന്താണെന്ന് അറിയാനുള്ള ആവേശത്തിലായിരുന്നു ആരാധകർ. ഇതിനിടെയാണ് തന്റെ രാശി ഫലം പങ്കുവച്ച് താരം എത്തിയത്.
നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ ബാക്കിനിൽക്കേയാണ് നാഗചൈതന്യയും സാമന്തയും വേർപിരിയുന്നുവെന്ന് അറിയിച്ചത്. ഏറെ നാളായി ചർച്ച ചെയ്തിരുന്ന അഭ്യൂഹങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കും വിരാമമിട്ടായിരുന്നു ഇരുവരുടെയും സ്ഥിരീകരണം.















