സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വീണ്ടും സമനില വഴങ്ങി ഇന്ത്യൻ താരം ഡി ഗുകേഷ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 13-ാം ഗെയിമും സമനിലയിൽ പിരിഞ്ഞതോടെ ഗുകേഷും ഡിംഗ് ലിറനും 6.5 പോയിന്റുകൾ വീതം നേടി വീണ്ടും ഒപ്പത്തിനൊപ്പമെത്തി. ഇതോടെ നാളെ ജയിക്കുന്നയാൾ ലോക ചാമ്പ്യനാകും.
മത്സരത്തിൽ വെള്ളകരുക്കളുമായി കളിച്ച ഗുകേഷിന് ഈ ആനുകൂല്യം മുതലാക്കാനായില്ല. പലഘട്ടങ്ങളിലും മുന്നിലെത്താൻ ശ്രമിച്ചിരുന്നെങ്കിലും അവസാനനിമിഷങ്ങളിലെ നിർണായക നീക്കങ്ങളിലൂടെ ഡിംഗ് ലിറൻ ഗെയിം സമനിലയിലാക്കുകയായിരുന്നു. പതിനൊന്നാം ഗെയിമിൽ വിജയിച്ച് ഗുകേഷ് ഒരു പോയിന്റ് ലീഡെടുത്തിരുന്നെങ്കിലും12-ാം ഗെയിമിലെ വിജയത്തോടെ ഡിംഗ് ലിറൻ ശക്തമായി തിരിച്ചു വന്നിരുന്നു.
നാളെ ചൈനീസ് താരത്തിനാണ് വെള്ളകരുക്കൾ ലഭിക്കുക. ആദ്യം ഏഴര പോയിന്റ് നേടുന്നയാളാണ് വിജയി. എന്നാൽ നാളത്തെ മത്സരവും സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ടൈബ്രേക്കറിലൂടെയായിരിക്കും ലോകചാമ്പ്യനെ തീരുമാനിക്കുക.