ന്യൂഡൽഹി: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
കോട്ടയം വഴിയാണ് ട്രെയിൻ തിരുവനന്തപുരത്തെത്തുന്നത്. ഡിസംബർ 19, 26 ജനുവരി രണ്ട്, ഒമ്പത് തീയതികളിലാണ് ട്രെയിൻ നടത്തുന്നത്. വൈകുന്നേരം നാല് മണിക്കായിരിക്കും മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പുറപ്പെടുക. തിരിച്ച് കൊച്ചുവേളിയിൽ നിന്ന് ഡിസംബർ 21, 28 ജനുവരി നാല്, 11 തീയതികളിൽ മുംബൈയിലേക്കും സർവീസ് നടത്തും.
മുംബൈ എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്. നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്കും തിരക്ക് കാരണം യാത്ര മാറ്റിവയ്‌ക്കുന്നവർക്കും സ്പെഷ്യൽ ട്രെയിൻ സഹായകമാകുമെന്ന് റെയിൽവേ അറിയിച്ചു.















