നിർമാതാവും ജനം ടിവി എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജി സുരേഷ് കുമാറിന്റെയും മലയാളികളുടെ പ്രിയ നടി മേനകാ സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷിന്റെ വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമായി. വിവാഹ ഒരുക്കത്തിന്റെ ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രമിൽ പങ്കുവച്ചു. മേക്കപ്പിന് തയാറെടുക്കുന്ന ചിത്രമാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്.
കീർത്തി ധരിച്ചിരിക്കുന്ന ഗൗണിന്റെ പുറകിലായി കിറ്റി എന്ന് കുറിച്ചിട്ടുണ്ട്. കീർത്തിയുടെ ഓമനപേരാണ് കിറ്റി. വ്യാഴാഴ്ച (12-12-2024) ഗോവയിലാണ് വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി കീർത്തി സുരേഷും സുഹൃത്തുക്കളും ഗോവയിൽ നേരത്തെ എത്തിയിരുന്നു. ഇതിന്റെ വീഡിയോയും താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. രണ്ട് ചടങ്ങുകളിലായിരിക്കും വിവാഹം നടക്കുക. സുഹൃത്ത് ആന്റണി തട്ടിലുമായുളള 15 വർഷത്തെ പ്രണയമാണ് പൂവണിയുന്നത്. അടുത്തിടെയാണ് വിവാഹം നിശ്ചയിച്ച വാർത്ത കുടുംബം പുറത്തുവിട്ടത്. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കീർത്തി ഇക്കാര്യം അറിയിച്ചത്.
എഞ്ചിനീയറായ ആന്റണി നിലവിൽ ബിസിനസുകാരനാണ്. ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ് ആന്റണി തട്ടിൽ. ഇരുവരുടെയും വിവാഹത്തിന് ആശംസകൾ നേരുകയാണ് മലയാള സിനിമാ ലോകം. നടൻ ജയറാമിന്റെ മകൻ കാളിദാസന്റെ വിവാഹ ആഘോഷങ്ങൾ അവസാനിക്കും മുൻപാണ് മലയാള സിനിമാ ലോകത്തെ യുവതലമുറയിൽ നിന്നും വീണ്ടും ഒരു വിവാഹ ആഘോഷം എത്തുന്നത്.