തൃശൂർ: പാഞ്ഞടുത്ത തെരുവ് നായ്‌ക്കളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ഫ്രണ്ട്സ് റോഡിന് സമീപത്ത് താമസിക്കുന്ന സഗീറിന്റെ മകൻ മുഹമ്മദ് അദ്നാനാണ് പരിക്കേറ്റത്.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോവുകയായിരുന്നു അദ്നാൻ. റോഡിൽ നിന്നിരുന്ന തെരുവുനായ്‌ക്കൾ അദ്നാനെ കണ്ടതോടെ സൈക്കിളിന്റെ പുറകെയോടി. ഇതോടെ സൈക്കിളിന്റെ നിയന്ത്രണംവിട്ട അദ്നാൻ സമീപത്തെ മതിലിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അദ്നാൻ വീണതോടെ നായ്‌ക്കൾ തിരിച്ചുപോയി. നാട്ടുകാരും വീട്ടുകാരും എത്തി കുട്ടിയെ എഴുന്നേൽപ്പിച്ച് നോക്കിയെങ്കിലും പുറമേ ശരീരത്തിൽ വലിയ പരിക്കുകൾ ഉണ്ടായിരുന്നില്ല. എന്നാൽ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.















