നാഗ്പപൂർ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമത്തിൽ മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർഎസ്എസ്. ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഭാരതം മറ്റ് വഴികൾ തേടണമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു. മുഗൾ ഭരണത്തെ ഓർമിപ്പിക്കുന്നതാണ് ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയെന്ന് സുനിൽ ആംബേക്കർ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലെ ആക്രമണങ്ങളെ അപലപിച്ച് നാഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൊബേൽ പുരസ്‍കാര ജേതാവ് ഭരിക്കുന്ന രാജ്യത്താണ് അതിക്രമങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ ഇരിക്കുന്ന പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളിൽ ഇതാണ് സ്ഥിതി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്നാൽ ചർച്ച എത്രനാൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും ജമ്മുകശ്മീരിൽ ചർച്ചകൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുമ്പോഴോക്കെ ഭാരതം തിരിച്ചടി നേരിട്ടു. അതിന്റെ ഫലമായി പാക് അധിനിവേശ കശ്മീർ പോലുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങൾ നമ്മുക്ക് നഷ്ടപ്പെട്ടു. അടിക്ക് തിരിച്ചടി എന്ന തരത്തിൽ കൃത്യമായ നിലപാട് കൈക്കൊണ്ടപ്പോഴാണ് ആർട്ടിക്കിൾ 370 മരവിപ്പിക്കാനും ജിഹാദികളെ മര്യാദ പഠിപ്പിക്കാനും കഴിഞ്ഞത്. കശ്മീരിൽ ഭാരതത്തിന്റെ ജനാധിപത്യം സ്ഥാപിക്കാൻ സാധിച്ചതും ഇതിലൂടെയാണ്. ജമ്മുകശ്മീർ മാതൃകയിലുള്ള നയം ബംഗ്ലാദേശിന് വേണ്ടി ആവശ്യമാണെങ്കിൽ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവംബർ 30 ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ബംഗ്ലാദേശിൽ ഹിന്ദുവംശഹത്യ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷവും ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് അറുതിയുണ്ടായില്ല. തുടർന്നാണ് കൃത്യമായ ഇടപെടൽ ആവശ്യമാണെന്ന് സന്ദേശം നാഗ്പൂരിൽ നിന്നുണ്ടായത്. ബംഗ്ലാദേശിലെ ജിഹാദികൾക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഇത്.















