ടെലികോം മേഖലയിലും ഇന്ന് കടുത്ത മത്സരമാണ്. ജൂലൈ മാസത്തിൽ ഞൊടിയിടയിൽ താരിഫ് ഉയർത്തിയതോടെ ടെലികോം മേഖല മേൽകീഴ് മറിഞ്ഞെന്നതാണ് വാസ്തവം. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്‌ക്കാണ് കൂടുതൽ വരിക്കാരെ ഇക്കാലയളവ് കൊണ്ട് നഷ്ടമായതെന്ന കണക്കാണ് പുറത്തുവരുന്നത്.
ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജിയോയ്‌ക്ക് നഷ്ടപ്പെട്ടത് 10.94 ദശലക്ഷം ഉപയോക്താക്കളെയാണ്. എടർടെല്ലിന് 5.27 ദശലക്ഷവും വിഐക്ക് 4.80 ദശലക്ഷം വരിക്കാരെയും നഷ്ടമായി. പ്ലാനുകളുടെ നിരക്ക് കുത്തനെ ഉയർത്തിയതാണ് തിരിച്ചടിയായത്. ഇക്കാലയളവിൽ നേട്ടം കൊയ്തത് ബിഎസ്എൻഎല്ലാണ്. പ്രതാപം വീണ്ടെടുത്ത് ശക്തമായ തിരിച്ചുവരവാണ് ബിഎസ്എൻഎൽ നടത്തുന്നത്.
239 രൂപയുടെ പ്ലാനിൽ 25 ശതമാനം വർദ്ധിപ്പിച്ച് 299 രൂപയാക്കി ജിയോ. 155 രൂപയുടെ അടിസ്ഥാന പ്ലാനിന് സമാനമായി 189 രൂപയുടെ പ്ലാൻ അവതരിപ്പിച്ചു. 1599 രൂപയുടെ പ്ലാനിലും 25 ശതമാനം വർദ്ധന വരുത്തി 1,899 രൂപയാക്കി. എയർടെലും വിഐയും സമാനമായി പ്രീ പെയ്ഡ് പ്ലാനുകളിൽ 11 മുതൽ 21 ശതമാനം വരെയാണ് നിരക്ക് ഉയർത്തിയത്.