പ്രോട്ടീനും അവശ്യ വിറ്റാമിനുകളും അടങ്ങിയ പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് മുട്ട. ഭക്ഷണത്തിൽ പലരും മുട്ട ഉൾപ്പെടുത്തുന്നത് പല രീതിയിലാണ്, ചിലർ പുഴുങ്ങിയ മുട്ട കഴിക്കുന്നു. മറ്റുചിലരാകട്ടെ ഓംലെറ്റ് കഴിക്കാനിഷ്ടപ്പെടുന്നു. എങ്ങനെ കഴിച്ചാലും മുട്ട തന്നെയല്ലേ എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി. മുട്ട എങ്ങനെ കഴിക്കുന്നു എന്നതിനനുസരിച്ച് ഇതിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങളുടെ അളവ്, കലോറി, മറ്റ് ആരോഗ്യ ഗുണങ്ങൾ എന്നിവയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.

പുഴുങ്ങിയ മുട്ടയിൽ ഏകദേശം 6 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലൂടെ അയൺ, കാൽസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും അവശ്യ വിറ്റാമിനുകളായ B12, A ,D, എന്നിവയും ശരീരത്തിന് ലഭിക്കുന്നു. പുഴുങ്ങിയ മുട്ടകൾ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും. കൂടതെ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്. ഒരു വലിയ പുഴുങ്ങിയ മുട്ടയിൽ ഏകദേശ 78 കലോറി മാത്രമാണുള്ളത്.

ഉപയോഗിക്കുന്ന ചേരുവകൾ ആശ്രയിച്ചാണ് ഓംലറ്റിന്റെ പോഷകമൂല്യം വ്യത്യാസപ്പെടുന്നത്. പുഴുങ്ങിയ മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ഓംലെറ്റിലും ഉണ്ടെങ്കിലും, ചീസ്, എണ്ണ മുതലായവ ചേർക്കുന്നത് അനാരോഗ്യകരമായ കൊഴുപ്പും കലോറിയും വർദ്ധിപ്പിക്കും. എന്നാൽ മുട്ടയിലെ ആരോഗ്യകരമായ കൊഴുപ്പും ഓംലെറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ്, പൊളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
എന്നിരുന്നാലും വിദഗ്ധർ പറയുന്ന ആരോഗ്യകരമായ തെരഞ്ഞെടുപ്പ് പുഴുങ്ങിയമുട്ടയാണ്. കാരണം ഇവയിൽ കൂടുതൽ കലോറി അടങ്ങിയിട്ടില്ല. അനാരോഗ്യകരമായ കൊഴുപ്പുകളുമില്ല. മാത്രമല്ല കൂടുതൽ ചേരുവകളും ആവശ്യമില്ല.















