തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് റവന്യൂ മന്ത്രി കെ രാജൻ. മലയോര മേഖലകളിലും കടലോര പ്രദേശങ്ങളിലും ജാഗ്രത വേണമെന്നും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
“ശ്രീലങ്കയ്‌ക്കും കന്യാകുമാരിക്കും ഇടയിൽ മന്നാർ കടലിടുക്കിന്റെ ഇടയിലായി ശക്തി കൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അത് അവിടെ തന്നെ നിലനിൽക്കുകയാണ്. അതിന്റെ സ്വാധീനഫലത്താലാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി, ഈ ന്യൂനമർദ്ദം ശക്തികുറയാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം”.
“ഇന്ന് വൈകുന്നേരവും നാളെയും ശക്തമായ മഴ ലഭിക്കും. വൈകുന്നേരത്തോടെ ഇത് ശക്തി പ്രാപിക്കും. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടനം നടക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ മുന്നൊരുക്കങ്ങൾക്കായി
അടിയന്തരമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ നാളെ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. നഗരപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും ഏറെയാണ്”.
അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ആവശ്യമായ നിർദേശങ്ങൾ നൽകിവരികയാണ്. ചിലയിടങ്ങളിൽ കടലാക്രമണം റിപ്പോർട്ട് ചെയ്തു. അതുകൊണ്ട് തന്നെ കടൽതീരങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ കളക്ടർക്കും ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.