കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹഘോഷ വിശേഷങ്ങളാണ് സോഷ്യൽമീഡിയ ഇടകങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചെന്നൈയിൽ ഇന്നലെയായിരുന്നു റിസപ്ഷൻ പരിപാടികൾ നടന്നത്. തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ആഘോഷത്തിനിടെ മകനും മരുമകൾക്കും വേണ്ടി നൃത്തം ചെയ്യുന്ന പാർവതി ജയറാമിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
അമ്മയുടെ നൃത്തം ആസ്വദിക്കുന്ന കാളിയെയും താരിണിയെയും വീഡിയോയിൽ കാണാം. പിന്നാലെ സ്റ്റേജിലേക്ക് ഓടിയെത്തി നിറകണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിച്ച് വൈകാരികമായി പ്രതികരിക്കുന്ന കാളിദാസിനെയും കണ്ടു. പിന്നാലെ ജയറാമും വേദിയിലേക്ക് കയറി ഇരുവരെയും ആശ്വസിപ്പിക്കുന്നതാണ് വീഡിയോ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരകുടുംബത്തെ പ്രശംസിച്ച് നിരവധി ആരാധകരും രംഗത്തെത്തി. അച്ഛനോടും അമ്മയോടുമുള്ള നിറഞ്ഞ സ്നേഹമാണ് കണ്ണീരായി പെയ്തിറങ്ങിയതെന്നും മകളുടെ വിവാഹവേദിയിലെ പാർവതിയുടെ നൃത്തത്തെയും മാളവികയുടെ സങ്കടത്തെയും ചിലർ ഓർമിപ്പിച്ചു.
ഹോളിവുഡ് സൂപ്പർ ഹിറ്റ് സിനിമ ടൈറ്റാനിക്കിലെ ജാക്കിനെയും റോസിനെയും പോലെയായിരുന്നു നവദമ്പതികൾ വേദിയിൽ എത്തിയത്. ചുവന്ന നിറത്തിലുള്ള ഗൗൺ ധരിച്ച്, നിറചിരിയോടെ അതിസുന്ദരിയായാണ് തരിണി വേദിയിലെത്തിയത്. കറുപ്പും നീലയും നിറത്തിലുള്ള സ്യൂട്ടായിരുന്നു കാളിദാസിന്റെ വേഷം. സംവിധായകൻ മണിരത്നനം, സുഹാസിനി, അപർണ ബാലമുരളി, ഷീല, ഉർവശി, ശോഭന, തമിഴ് നടന്മാരായ പ്രഭു, സത്യരാജ് തുടങ്ങിയ ഒട്ടനവധി താരങ്ങളും വിവാഹാഘോഷത്തിൽ പങ്കെടുത്തു