മലപ്പുറം: കീഴിശേരിയിൽ ജനൽ ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മുഹ്‌സിൻ-ജുഹൈന ദമ്പതികളുടെ മകൻ നൂറുൽ ഐമൻ ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിയുടെ അമ്മയുടെ വീട്ടിലാണ് സംഭവം.
നിർമാണത്തിലിരിക്കുന്ന വീട്ടിൽ കളിക്കുന്നതിനിടെ ചുമരിൽ ചാരിവച്ചിരുന്ന ജനൽ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മഞ്ചേരി യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ മാതാവ് കോളേജിൽ പോയ സമയത്തായിരുന്നു സംഭവം. മുത്തച്ഛനൊപ്പം കളിക്കുന്നതിനിടെ ചുമരിൽ ചാരിവച്ചിരുന്ന ജനലിൽ പിടിച്ചു കയറാൻ കുട്ടി ശ്രമിക്കുകയായിരുന്നു.
ജനൽ മറിഞ്ഞുവീണതോടെ ഇതിനടിയിൽപ്പെട്ട് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്‌ക്കാണ് പരിക്കേറ്റത്. കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിൽ വോഡഫോൺ കമ്പനിയിൽ ജീവനക്കാരനാണ് പിതാവ് മുഹ്‌സിൻ.















