കശ്മീർ: മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് തകരപ്പെട്ടിയിൽ (ക്യാനിസ്റ്റർ) തലകുടുങ്ങിയ ഹിമാലയൻ കരടിക്കുട്ടിയെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. അതിർത്തി മേഖലയിലെ പ്രതികൂല കാലാവസ്ഥയിൽ നടന്ന രക്ഷാപ്രവർത്തന വീഡിയോയ്‌ക്ക് സോഷ്യൽ മീഡിയയിലും വലിയ പ്രതികരണമാണ് ലഭിച്ചത്.
സംഭവത്തിൽ കൃത്യമായ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വലിയ മഞ്ഞുമലയുടെ മുകളിലാണ് സൈനികർ നിൽക്കുന്നതെന്ന് വ്യക്തമാണ്. മലയുടെ അടിവാരത്തേക്ക് നിരങ്ങി പോകാതിരിക്കാൻ കരടിയുടെ ദേഹത്ത് കയറ് കുരുക്കി വലിച്ചുമാറ്റുന്നത് കാണാം. കരടിയുടെ തലയിൽ കുടുങ്ങിയ തകരപ്പാട്ടയും വീഡിയോയിൽ വ്യക്തമാണ്.
തലയിൽ കുടുങ്ങിയ ക്യാനിസ്റ്റർ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇത് കുഞ്ഞൻ കരടിയെ മുറിവേൽപ്പിക്കുമെന്ന് മനസിലാക്കി ആ ശ്രമം ഉപേക്ഷിച്ചു. ലോഹങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ഉപകരണം ഉപയോഗിച്ച് വളരെ കൃത്യതയോടെയും കരുതലോടെയും സൈനികർ ക്യാനിസ്റ്റർ മുറിച്ചുമാറ്റുകയായിരുന്നു. ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന ഹിമാലയൻ തവിട്ട് കരടിക്കുഞ്ഞിനാണ് സൈന്യം രക്ഷകരായത്.
കരടിക്ക് മറ്റ് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തിത്തിയ സൈന്യം അവന് ഭക്ഷണവും നൽകി. നിമിഷനേരംകൊണ്ട് അവൻ സൈനികരുമായി ചങ്ങാത്തത്തിലായി. അവർ നൽകിയ ഭക്ഷണം കഴിച്ചു. സൈനികർ കുഞ്ഞൻ കരടിക്കൊരു പേരുമിട്ടു-‘ബഹാദൂർ’. മണിക്കൂറുകളോളം അവർക്കിടയിൽ കളിച്ചുനടന്ന ശേഷമാണ് ബഹാദൂർ മഞ്ഞുമലകളിലേക്ക് ഓടിയകന്നത്.
Indian army troops rescuing a Himalayan bear somewhere near their forward post🙌 pic.twitter.com/nntLEnn0se
— KiloMike2🇮🇳 (@TacticalKafir) November 24, 2024















