പാലക്കാട്: കല്ലടിക്കോടിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറിയ ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഒരു വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ലോറി ഉയർത്താനുള്ള ശ്രമം തുടരുകയാണ്.
കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂൾ വിട്ട് വഴിയരികിലൂടെ നടന്നുവരുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ ലോറി വഴിയരികിലെ പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിനികൾക്ക് മേലെ മറിയുകയായിരുന്നു. സിമന്റുമായി വന്ന ലോറിയാണ് മറിഞ്ഞത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനം നടത്തി മൂന്ന് കുട്ടികളെ ഗുരുതര പരിക്കുകളോടെ ലോറിക്കടിയിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് മറ്റ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. പാലക്കാട് ദേശീയ പാതയിലായിരുന്നു അപകടം.
ലോറിക്കടിയിൽ മറ്റാരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. ലോറി പൂർണമായി ഉയർത്തിയാൽ മാത്രമേ മറ്റ് കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.















