തൃശൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കറങ്ങി നടന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ യുവതി പിടിയിൽ. കോതകുളം സ്വദേശിനി ഫാരിജാൻ (45) ആണ് പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ കയ്പമംഗലം പൊലീസ് പിടികൂടിയത്.
ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്നും 1 ലക്ഷത്തിലധികം രൂപ ഫാരിജാൻ തട്ടിയിരുന്നു. ഈ കേസിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് നിരവധി കേസുകളിലും ഫാരിജാൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
യുവതിക്കെതിരെ 12 മുക്കുപണ്ട കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനുപുറമെ വാടകയ്‌ക്ക് എടുക്കുന്ന വാഹനങ്ങൾ മറിച്ചു വിറ്റ കേസുകളിലും ഇവർക്കെതിരെ കേസുണ്ട്. പൊലീസിന്റെ കണ്ണിൽപ്പെടാതെ വിവിധയിടങ്ങളിൽ ഫാരിജാൻ ഒളിവിൽ താമസിക്കുകയായിരുന്നു.
സ്ഥിരമായി മൊബൈൽ ഫോൺ നമ്പർ മാറ്റുന്നതിനാൽ ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് തൃശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മലമ്പുഴ ഡാമിന് സമീപത്തെ ഹോട്ടലിൽ നിന്നും ഇവരെ പിടികൂടിയത്.















