വീറും വാശിയും നിറഞ്ഞ ചതുരംഗക്കളി! ലോകചെസ് ചാമ്പ്യൻഷിപ്പിൽ ഹൃദയമിടിപ്പ് കൂട്ടി അവസാനത്തെ കരുക്കുക്കൾ ഗുകേഷ് നീക്കിയത് ചരിത്രത്തിലേക്കായിരുന്നു. ഭാരതത്തിന്റെ അഭിമാനമായി 18 കാരൻ ദൊമ്മരാജു ഗുകേഷ് ലോകചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി. കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിൽ ഇന്ത്യ വിജയം കരസ്ഥമാക്കിയതോടെ ലോകത്തിന്റെ ശ്രദ്ധപതിഞ്ഞത് ഗുകേഷിലേക്കായിരുന്നു. ആരാണ് ചൈനയുടെ ചാമ്പ്യനായ ഡിങ് ലിറനെ വിറപ്പിച്ച ദൊമ്മരാജു ഗുകേഷ്?
2006 ൽ ഇഎൻടി സർജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പദ്മയുടെയും മകനായി ജനനം. 7-ാം വയസുമുതൽ ചെസിനോട് പ്രിയം തോന്നിയ ഗുകേഷ് കളി പഠിച്ചു തുടങ്ങി. സ്‌കൂളിലെ ചെസ് പരിശീലകനായ ഭാസ്‌കർ ഓരോ കരുക്കളും നീക്കുന്നതിന്റെ പൊടിക്കൈകൾ ഗുകേഷിന് പറഞ്ഞുകൊടുത്തു.
2019 ൽ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റഷ്യൻ താരം കര്യാക്കിന്റെ റെക്കോർഡ് മറികടക്കാനുള്ള അവസരം ഗുകേഷിന് നഷ്ടപ്പെട്ടെങ്കിലും 12-ാം വയസിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായി. 2022 ൽ ചരിത്രം കുറിച്ചുകൊണ്ട് ബിയൽ ചെസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് മാസ്റ്റർ ലീ ക്വാങ് ലിയമിനെ തോൽപ്പിച്ച് 2700 ഇലോ റേറ്റിങ് ഗുകേഷ് മറിക്കടന്നു. എയിം ചെസ് റാപ്പിഡ് ടൂർണമെന്റിൽ മുൻ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗുകേഷ് വളർന്നതോടെ ജനശ്രദ്ധ ഗുകേഷിൽ പതിയാൻ തുടങ്ങിയിരുന്നു.
2024 ലെ കാൻഡിഡേറ്റ്‌സ് ടൂർണമെന്റിലെ വിജയപ്രകടനത്തിലൂടെ ലോകചമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഗുകേഷ് തെളിയിച്ചു. മത്സരിക്കാൻ മാത്രമല്ല ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള കഴിവ് കൂടി തനിക്കുണ്ടെന്ന് ലോകചമ്പ്യൻഷിപ്പ് കിരീടം രാജ്യത്തിന് സമ്മാനിച്ച് ഗുകേഷ് തെളിയിച്ചു.
Stunning emotions as Gukesh cries after winning the World Championship title! #DingGukesh pic.twitter.com/E53h0XOCV3
— chess24 (@chess24com) December 12, 2024
14 മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ തന്നെ ചൈനയുടെ ഡിങ് ലിറന്റെ കരുനീക്കത്തിൽ ഗുകേഷിന് അടിപതറി. എന്നാൽ രണ്ടാം മത്സരം ഗുകേഷിന് വിജയം സമ്മാനിച്ചു. പിന്നീട് 10-ാം മത്സരം വരെ ഇരുവരും സമനിലയിൽ തുടർന്നു. 11-ാം റൗണ്ടിൽ ലിറനെ, ഗുകേഷ് വിറപ്പിച്ചു. എന്നാൽ 12-ാം മത്സരത്തിൽ ഗുകേഷിനെ പരാജയപ്പെടുത്തിയതോടെ ഇരുവരും ആറ് പോയിന്റുകളുമായി ഒപ്പത്തിനൊപ്പമായി.
13-ാം മത്സരവും സമനിലയിൽ കലാശിച്ചു. അവസാന മത്സരത്തിൽ കറുത്ത കരുക്കൾ നീക്കി ഗുകേഷ് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ചെസ് ഇതിഹാസതാരം ഗാരി കാസ്പറോവിന്റെ ലോകകീരീട നേട്ടം മറികടന്ന് ലോകചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമാവുകയായിരുന്നു ദൊമ്മരാജു ഗുകേഷ്.















