തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ. ഹിന്ദുഐക്യവേദി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര സംഘടിപ്പിച്ചു. ആചാരലംഘനം അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം തിരുത്തണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം വിവിധ ക്ഷേത്രങ്ങളിൽ പൊലീസ് നൽകി വന്ന ഗാർഡ് ഓഫ് ഓണർ പിൻവലിച്ച സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രം വരെയായിരുന്നു നാമജപ ഘോഷയാത്ര. ആചാരവും അനുഷ്ഠാനവും സംരക്ഷിക്കാൻ ഹൈന്ദവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ഐക്യവേദി പറഞ്ഞു. ആചാരലംഘനങ്ങൾ കണ്ട് പിന്നോട്ട് പോകില്ല. ഗാർഡ് ഓഫ് ഓണർ പിൻവലിച്ച തീരുമാനം തിരുത്തുംവരെ സമരം തുടരുമെന്നും ഐക്യവേദി അറിയിച്ചു.
സംസ്ഥാനത്തെ 20-ഓളം ക്ഷേത്രത്തിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകി വരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ടിനും നവരാത്രി വിഗ്രഹ ഘോഷയാത്ര എത്തുമ്പോഴും ഗാർഡ് ഓഫ് ഓണർ നൽകുന്ന പതിവുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായമാണിത്. രാജകുടുംബങ്ങൾ ക്ഷേത്രങ്ങൾ സർക്കാരിന് കൈമാറിയപ്പോൾ ഒപ്പുവെച്ച കരാറിൽ അതുവരെ പാലിച്ചുവന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സുപ്രധാന ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിന് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ തുടർന്നുവന്നത്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തോടെ ഇതിൽ മാറ്റം വരും. സെപ്റ്റംബർ അഞ്ചിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാൻ തീരുമാനമായത്.