ചെന്നൈ: നിർണായക നേട്ടം സ്വന്തമാക്കി ഐഎസ്ആർഒ. ഇന്ത്യയുടെ ഭാവി ദൗത്യങ്ങളെ പിന്തുണയ്‌ക്കാനായി CE 20 ക്രയോജനിക് എഞ്ചിന്റെ സീ ലെവൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി ഇസ്രോ അറിയിച്ചു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലായിരുന്നു തദ്ദേശീയ ക്രയോജനിക് എഞ്ചിന്റെ പരീക്ഷണം.
എഞ്ചിൻ പുനരാംഭിക്കാനുള്ള കഴിവുകളാണ് പരീക്ഷിച്ചത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യങ്ങളിൽ നിർണായകമാകുമിത്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ തദ്ദേശീയമായി വികസിപ്പിച്ച സിഇ20 ക്രയോജനിക് എഞ്ചിൻ ഭാരോദ്വഹന ശേഷി വർദ്ധിപ്പിച്ചിരുന്നു. 19 ടൺ ഭാരം വഹിക്കാനുള്ള യോഗ്യത പരീക്ഷണത്തിലൂടെ നേടിയിരുന്നു. പിന്നാലെ ആറ് എൽവിഎം3 ദൗത്യങ്ങൾ പൂർത്തികരിച്ചു. തുടർന്നാണ് കടലിന് മുകളിലൂടെയുള്ള പരീക്ഷണവും വിജയകരമായത്.
ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായാണ് CE 20 ക്രയോജനിക് എഞ്ചിന്റെ ശേഷി മെച്ചപ്പെടുത്തുന്നത്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിച്ച് ലോഞ്ച് വെഹിക്കിളായ എൽവിഎം-3യാകും ഗഗൻയാൻ ദൗത്യത്തിലും പേടകവുമായി കുതിക്കുക. മനുഷ്യനെ വഹിക്കുന്ന ആദ്യ ദൗത്യമായതിനാൽ തന്നെ സങ്കീർണതകളുമേറെയാണ്. കൂടുതൽ ഭാരം വഹിക്കേണ്ടതിനാലാണ് സിഇ20 ക്രയോജനിക് എഞ്ചിനിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത്. എൽവിഎം-3 റോക്കറ്റിന്റെ മുകളിലത്തെ ഭാഗത്തിന് കരുത്ത് പകരാൻ സിഇ20 ക്രയോജനിക് എഞ്ചിന് സാധിക്കും.
ദൗത്യത്തിനായി 20 ടൺ ത്രസ്റ്റ് ലെവൽ ഉത്പാദിപ്പിക്കാൻ പാകത്തിന് എഞ്ചിൻ നവീകരിച്ചിരുന്നു. ഭാവിയിൽ 22 ടൺ ഭാരം വരെ വഹിക്കാൻ സിഇ20 ക്രയോജനിക് എഞ്ചിന് സാധിക്കുമെന്നും ഇസ്രോ അറിയിച്ചു. ഹെവി ലിഫ്റ്റ് ലോഞ്ചറായ എൽവിഎം-3 റോക്കറ്റിന്റെ പേലോഡ് ശേഷിയും എഞ്ചിൻ മെച്ചപ്പെടുത്തും.















