വിശാഖപട്ടണം : 2024-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രണ്ടാമത്തെ നടനായി തെലുങ്ക് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ മാറി. അമേരിക്കൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും നടനുമായ മൈക്കാ ‘കാറ്റ്’ വില്യംസിനാണ് പ്രഥമ സ്ഥാനം.
ആന്ധ്ര പ്രദേശ് തെരഞ്ഞെടുപ്പിനിടെ പവൻ നടത്തിയ ഉജ്ജ്വല പ്രചാരണവും മെയ് മാസത്തിൽ ഉപമുഖ്യമന്ത്രിയായി അദ്ദേഹത്തെ നിയമിച്ചതും തിരയലുകളുടെ വൻ വർദ്ധനവിന് കാരണമായിട്ടുണ്ട്. “സീസ് ദി ഷിപ്” എന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. പവൻ കല്യാൺ എന്ന വാക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രാലയങ്ങളും ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങളിൽ പെടുന്നു. ‘പവൻ കല്യാൺ പോർട്ട്‌ഫോളിയോ’, ‘എപിയിലെ പവൻ കല്യാണിന്റെ വകുപ്പുകൾ, അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ പിഠാപുരം’, ‘പവൻ കല്യാൺ തിരഞ്ഞെടുപ്പ് ഫലങ്ങൾ’ എന്നിവയെല്ലാം ജനപ്രിയ സെർച്ചുകളിൽ ഉൾപ്പെടുന്നു.
പൊതുവിതരണ സമ്പ്രദായത്തിലെ അരി നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനയ്‌ക്കായി അടുത്തിടെ കാക്കിനാഡ തുറമുഖം സന്ദർശിച്ചപ്പോൾ അദ്ദേഹം ഉപയോഗിച്ച “സീസ് ദി ഷിപ്, കപ്പൽ പിടിച്ചെടുക്കുക” എന്ന പ്രസിദ്ധമായ വാചകം വ്യാപകമായി പ്രചരിച്ചു.ഇന്ത്യയിൽ, ആന്ധ്ര , തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് പവനിനായി ഏറ്റവും കൂടുതൽ തിരയലുകൾ വന്നത്.