പനാജി: ഗോവയിലെ കസീനോ കപ്പലുകളിൽ റെയ്ഡിനെത്തിയ ഇഡി സംഘത്തെ തടഞ്ഞ് ജീവനക്കാർ. തട്ടിപ്പുകാരാണെന്ന് സംശയിച്ചാണ് ജീവനക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. കർണാടകയിൽ നിന്നുള്ള ഇഡി സംഘമാണ് ഗോവയിൽ പരിശോധനയ്‌ക്കായി എത്തിയത്. എന്നാൽ കപ്പലുകൾക്കുള്ളിലേക്ക് കയറാൻ ജീവനക്കാർ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. പണം തട്ടിക്കാനെത്തിയ സംഘമെന്ന് ആരോപിച്ചായിരുന്നു നീക്കം.
പിന്നാലെ ഇഡി സംഘം ഗോവ പൊലീസിന്റെ സഹായം തേടുകയായിരുന്നു. കസീനോ കപ്പലുകളിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും ജീവനക്കാർ ഉൾപ്പെടെ ഉള്ളവരും ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടാണ് ഇഡി സംഘം ഇവിടെ എത്തുന്നത്. പരിശോധനയ്‌ക്കായി എത്തിയ സംഘത്തെ ഒരു രീതിയിലും ഉള്ളിലേക്ക് കടത്തിവിടാൻ ജീവനക്കാർ തയ്യാറായില്ല. ഇതോടെയാണ് ലോക്കൽ പൊലീസിന്റെ സഹായം ഉദ്യോഗസ്ഥർ തേടിയത്.
ടാക്‌സ് രേഖകൾ അടക്കം ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. ചില നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പരാതി ഉയർന്ന സാഹചര്യത്തിലാണ് ആറ് കസീനോകളിൽ പരിശോധന നടന്നത്. കള്ളപ്പണ ഇടപാട് നടന്നതായി പരിശോധനയിൽ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരു ആഴ്ച മുൻപ് ഇഡി സംഘം ഗോവയിലെത്തി നടത്തിയ പരിശോധനയിൽ നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.















