ന്യൂഡൽഹി: റിസർവ് ബാങ്കിന് വീണ്ടും ബോംബ് ഭീഷണി. ബാങ്കിന്റെ ഔദ്യോഗിക ഇ മെയിലേക്കാണ് സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലുള്ള സന്ദേശത്തിൽ ബാങ്ക് ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി. ഒരുമാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് റിസർവ് ബാങ്കിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.
അജ്ഞാത പ്രതികൾക്കെതിരെ മാതാ രമാഭായി മാർഗ് (MRI മാർഗ്) പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇമെയിൽ എവിടെ നിന്നാണ് അയച്ചതെന്നും, ആരാണ് അയച്ചതെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് പറഞ്ഞു.
ആർബിഐയുടെ 26-ാമത് ഗവർണറായി സഞ്ജയ് മൽഹോത്ര അധികാരമേറ്റ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സംഭവം. അതേസമയം ഡൽഹിയിലെ 16 സ്വകാര്യ സ്‌കൂളുകൾക്കും ഇന്ന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. സ്‌കൂൾ വളപ്പിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ സന്ദേശം. ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥികളെ അടിയന്തിരമായി ഒഴിപ്പിച്ച് സ്കൂളുകൾ താത്കാലികമായി അടച്ചു.