ചെന്നൈ: ലോക ചെസ് ചാമ്പ്യനായ ഡി ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഗുകേഷിന്റെ നേട്ടം രാജ്യത്തിനാകെ അഭിമാനകരമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നടന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഡി ഗുകേഷ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചെസ് ചാമ്പ്യനായത്. 11.50 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.
ഗുകേഷുമായി ഫോണിൽ സംസാരിച്ച സ്റ്റാലിൻ നേട്ടത്തിൽ താരത്തെ അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സമൂഹ മാദ്ധ്യമ പോസ്റ്റിലൂടെ ഗുകേഷിന് അഭിനന്ദനങ്ങളറിയിച്ചിരുന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ എന്നിവരും ലോക ചാമ്പ്യന് ആശംസകളറിയിച്ചു. ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്ററുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ വിജയമെന്ന് അണ്ണാമലൈ എക്‌സിൽ കുറിച്ചു.
14-ാം ഗെയിമിലാണ് ചൈനീസ് താരത്തെ വീഴ്‌ത്തി ഗുകേഷ് കിരീടം സ്വന്തമാക്കിയത്. സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരമാണ് ലിറന്റെ പിഴവ് മുതലെടുത്ത് ഗുകേഷ് തൻ്റേതാക്കി മാറ്റിയത്. രാജ്യത്തിന്റെ അഭിമാന താരമായ ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ഗുകേഷ്.