മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഈ ആവേശം ഇരട്ടിയാക്കി ബറോസിലെ ഒരു ഉഗ്രൻ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘ഇസബെല്ലാ ഇസബെല്ലാ…’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം എത്തിയത്. മോഹൻലാലാണ് ഗാനം ആലപിക്കുന്നത് എന്നതാണ് സവിശേഷത. വിനായക് ശശികുമാറിന്റേതാണ് വരികൾ. ലിഡിയൻ നാദസ്വരമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബറോസിൽ നടനായും സംവിധായകനായും കസറാനൊരുങ്ങുന്ന മോഹൻലാലിന്റെ പാട്ട് കൂടി എത്തിയതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്.
കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചാണ് ബറോസിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങ് നടന്നത്. ബോളിവുഡ് നടൻ അക്ഷയ് കുമാറായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ബറോസ് ഗംഭീര പ്രോജക്ടാണെന്നും കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ബറോസ് അവർക്ക് ഒരുപാട് സന്തോഷം പകരുമെന്നും അക്ഷയ് കുമാർ പറഞ്ഞു.
ബറോസ് ടീം, സ്കൂൾ വിദ്യാർത്ഥികൾക്കായി അഖില കേരള ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ വിശദവിവരങ്ങൾ മോഹൻലാൽ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഡിസംബർ 21-ന് കൊച്ചി ഇൻഫോ പാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിലാണ് മത്സരം സംഘടിപ്പിക്കുന്നത്. നാല് വിഭാഗങ്ങളായാണ് മത്സരം നടക്കുക.