ഇസബെല്ലാ… കരളിൻ പൊൻനിധിയാണ് നീ…; ട്രെൻഡിം​ഗ് ലിസ്റ്റിൽ ബറോസിലെ ​ഗാനം; പാടി തകർത്ത് മോഹൻലാൽ; ഏറ്റെടുത്ത് ആരാധകർ

Published by
Janam Web Desk

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഈ ആവേശം ഇരട്ടിയാക്കി ബറോസിലെ ഒരു ഉ​ഗ്രൻ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘ഇസബെല്ലാ ഇസബെല്ലാ…’ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തെത്തിയത്. മോഹ‍ൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ​ഗാനം എത്തിയത്. മോഹൻലാലാണ് ​ഗാനം ആലപിക്കുന്നത് എന്നതാണ് സവിശേഷത. വിനായക് ശശികുമാറിന്റേതാണ് വരികൾ. ലിഡിയൻ നാദസ്വരമാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. ബറോസിൽ നടനായും സംവിധായകനായും കസറാനൊരുങ്ങുന്ന മോഹൻലാലിന്റെ ​​പാട്ട് കൂടി എത്തിയതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്‌.

കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചാണ് ബറോസിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങ് നടന്നത്. ബോളിവുഡ് നടൻ അക്ഷയ് കുമാറായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ബറോസ് ​ഗംഭീര പ്രോജക്ടാണെന്നും കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ബറോസ് അവർക്ക് ഒരുപാട് സന്തോഷം പകരുമെന്നും അക്ഷയ് കുമാർ പറഞ്ഞു.

ബറോസ് ടീം, സ്കൂൾ വിദ്യാർത്ഥികൾക്കായി അഖില കേരള ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ വിശദവിവരങ്ങൾ മോ​ഹൻലാൽ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഡിസംബർ 21-ന് കൊച്ചി ഇൻഫോ പാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിലാണ് മത്സരം സംഘടിപ്പിക്കുന്നത്. നാല് വിഭാ​ഗങ്ങളായാണ് മത്സരം നടക്കുക.

Share
Leave a Comment