ഹൈദരാബാദ്: കസ്റ്റഡിൽ എടുക്കാൻ എത്തിയ പൊലീസ് സംഘം തന്റെ കിടപ്പുമുറിയിൽ കയറിയെന്ന് ആരോപിച്ച് നടൻ അല്ലു അർജുൻ. അറസ്റ്റ് തിങ്കളാഴ്ച വരെ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് അർജുൻ ഇക്കാര്യം വ്യക്തമാക്കിയത്. നടപടിക്രമം അനുസരിച്ച് അല്ലു അർജുനെ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയി. ഹർജി കോടതി ഉടൻ പരിഗണിക്കുമെന്നാണ് സൂചന.
പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ ഉച്ചയോടെയാണ് കസ്റ്റഡയിൽ എടുത്തത്. നടപടികൾക്കിടെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഹൈദരാബാദ് ജൂബിലി ഹിൽസിലെ വീട്ടിൽ അല്ലു അർജുൻ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്‌നേഹ റെഡ്ഡി, അച്ഛൻ അല്ലു അരവിന്ദ്, സഹോദരൻ അല്ലു സിരിഷ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. പോകുന്നതിന് മുൻപ് ഭാര്യ സ്‌നേഹ റെഡ്ഡിയെ സമാധാനിപ്പിക്കുന്നതും ചുംബനം നൽകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്ന് പറഞ്ഞു കൊണ്ടാണ് നടൻ നടന്നുനീങ്ങിയത്. പുഷ്പ സിനിമയിലെ ഡയലോഗായ ‘ഫ്‌ളവർ അല്ല, ഫയറാണ്’ എന്നെഴുതിയ ഹൂഡിയാണ് ഈ സമയം ധരിച്ചിരുന്നത്.
Actor #AlluArjun arrested days after a woman was killed in a stampede at a ‘Pushpa 2’ screening in Hyderabad.
But what’s his fault? Isn’t crowd control the police’s responsibility? pic.twitter.com/bZoPa0LIdh
— Prayag (@theprayagtiwari) December 13, 2024
ഇതിനിടെ താങ്കൾ ആവശ്യപ്പെട്ടതെല്ലാം തങ്ങൾ മാനിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, നിങ്ങൾ ഒന്നും മാനിച്ചില്ലെന്നും തന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നുമായിരുന്നു നടന്റെ മറുപടി. ” സാർ, നിങ്ങൾ ഒന്നും മാനിച്ചിട്ടില്ല. എനിക്ക് വസ്ത്രം മാറണമെന്നും എന്റെ കൂടെ ഒരാളെകൂടി അയക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. നിങ്ങൾ എന്നെ കൊണ്ടുപോകുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, എന്റെ കിടപ്പുമുറിയിലേക്ക് വരെ വരുന്നത് വളരെ കൂടുതലായിപ്പോയി”, അല്ലു അർജുൻ പറഞ്ഞു.
പുഷ്പ 2 സിനിമയുടെ റിലീസിംഗ് ദിവസം ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. താരങ്ങൾ എത്തുന്ന കാര്യം പൊലീസിൽ കൃത്യമായി അറിയിച്ചിരുന്നില്ല. ആളുകൾ തിങ്ങി കൂടിയത് വലിയ രീതിയിലുള്ള ക്രമസാമധാന പ്രശ്നമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.