കോഴിയിറച്ചി കഴിക്കുന്ന വലിയൊരു വിഭാഗമാളുകളാണ് കേരളത്തിലുള്ളത്. ഇറച്ചി വാങ്ങിയാൽ അത് നല്ലപോലെ വെള്ളത്തിൽ അലമ്പി കഴുകുന്നവരാണ് ഇതിൽ ബഹുഭൂരിപക്ഷവും. അതിന് ശേഷമാണ് പാചകം ചെയ്യാൻ തുടങ്ങുക. ഇറച്ചി കഴുകാതെ വേവിക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല.

എന്നാൽ ഫുഡ് ആൻഡ് സേഫ്റ്റി പ്രൊഫഷണലുകൾ പറയുന്നത് ‘ചിക്കൻ’ കഴുകാതെ പാകം ചെയ്യണമെന്നാണ്. ഇറച്ചി വെള്ളത്തിൽ അലമ്പി കഴുകുന്നത് നമ്മുടെ അടുക്കളയിൽ ബാക്ടീരിയ പെരുകാൻ കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഭക്ഷ്യവിഷബാധയ്‌ക്ക് ഇടയാക്കുന്ന സുപ്രധാന കാരണങ്ങളിലൊന്നാണ് കാമ്പിലോബാക്‌ടർ. കോഴിയിറച്ചിയിൽ കാമ്പിലോബാക്‌ടർ, സാൽമൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുണ്ട്. ഇത് വയറുവേദന, വയറിളക്കം, കടുത്ത ഭക്ഷ്യവിഷബാധ എന്നിവയ്‌ക്ക് കാരണമാകും.
യുകെ നാഷണൽ ഹെൽത്ത് സർവീസ് പറയുന്നതനുസരിച്ച്, പൈപ്പ് തുറന്നിട്ട് അതിന് കീഴിൽ കോഴിയിറച്ചി വച്ച് കഴുകിയാൽ മേൽപ്പറഞ്ഞ ബാക്ടീരിയകൾ അടുക്കളയിൽ വ്യാപിക്കും. ഇറച്ചി കഴുകുന്ന വെള്ളം അടുക്കള സ്ലാബിന്റെ അരികുകളിലേക്കും സിങ്കിന്റെ മറ്റ് ഭാഗങ്ങളിലേക്കും തെറിക്കുന്നത് വഴിയാണ് ബാക്ടീരിയ പടരുന്നത്. കൂടാതെ മറ്റ് പാത്രങ്ങൾ, നമ്മുടെ കൈകൾ, വസ്ത്രങ്ങൾ എന്നിവയിലേക്കും ബാക്ടീരിയ കടന്നുകൂടും.
അതിനാൽ കോഴിയിറച്ചിയിലെ ബാക്ടീരിയയെ ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗം അത് ശരിയായ താപനിലയിൽ നന്നായി വേവിക്കുക എന്നതാണ്. ചിക്കൻ പാകം ചെയ്യേണ്ട ഏറ്റവും കുറഞ്ഞ താപനില 165 ഡിഗ്രിയാണെന്നും വിദഗ്ധർ പറയുന്നു.
ചിക്കൻ കഴുകാതെ വേവിക്കുന്നത് പ്രയാസകരമായി തോന്നുന്നുണ്ടെങ്കിൽ പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ച് ആദ്യം വൃത്തിയാക്കാവുന്നതാണ്. എന്നിരുന്നാലും ചിക്കൻ കഴുകി വേവിച്ച് ശീലമായവർക്ക് കഴുകാതെ കോഴിയിറച്ചി വേവിക്കുന്നത് ചിന്തിക്കാൻ പോലും സാധ്യമാകില്ല. അത്തരക്കാർ ചിക്കൻ കഴുകിയ ശേഷം നല്ലപോലെ അടുക്കള വൃത്തിയാക്കുക. ചിക്കൻ കഴുകിയ പാത്രം, സിങ്ക്, സ്ലാബ്, എന്നിവ നല്ലപോലെ വൃത്തിയാക്കി അണുവിമുക്തമാക്കുക. കൈകളും ശരീരവും ശുചിയാക്കുക. ചിക്കൻ വൃത്തിയാക്കുമ്പോൾ ധരിച്ച വസ്ത്രം ഉടൻ മാറ്റുകയും ചെയ്യുക. ഏറ്റവും പ്രധാനമായി, ചിക്കൻ കഴുകാൻ വേണ്ടി പൈപ്പു തുറന്നിടുകയും അതിന് കീഴിൽ ഇറച്ചിയിട്ട് കഴുകുകയും ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. പാത്രത്തിൽ വെള്ളം നിറച്ചുവച്ചതിന് ശേഷം അതിലിട്ട് കോഴിയിറച്ചി കഴുകുക.















