ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ മഴ തടുരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ചെന്നൈ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തുടച്ചയായി പെയ്യുന്ന മഴയിൽ തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
സംസ്ഥാനത്തെ നദികൾ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ റോഡുകൾ തകർന്നതോടെ ഗതാഗതം തടസപ്പെട്ടു. തിരുനെൽവേലി, തെങ്കാശി, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾക്കായി ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളെ അപകട മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
ഡിസംബർ 16 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈയിലും സംസ്ഥാനത്തെ ഉൾപ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ കന്യാകുമാരി തീരത്തേക്ക് നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ( 14-12-2024) ന്യൂനമർദ്ദം ദുർബലമാകുമെന്നാണ് പ്രവചനം.















