ന്യൂഡൽഹി: സിറിയയിൽ വിമതർ ഭരണം പിടിച്ചതോടെ പ്രസിഡന്റ് രാജ്യം വിട്ടോടിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന എല്ലാവരെയും തിരികെയെത്തിച്ചതായി വിദേശകാര്യമന്ത്രാലയം. സിറിയയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി പൂർത്തിയായെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
ഭരണം അട്ടിമറിക്കപ്പെട്ടതോടെ സിറിയയിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിച്ചത് 77 ഇന്ത്യൻ പൗരന്മാരായിരുന്നു. ഇവരെല്ലാവരെയും തിരികെയെത്തിച്ചു. സിറിയയിലുള്ള ഇന്ത്യൻ എംബസി അധികൃതർ ഇന്ത്യൻ പൗരന്മാരുടെ കൂടെ അതിർത്തി വരെ വന്നിരുന്നു. ലെബനനിലേക്ക് മാറ്റിയ ശേഷം ബെയ്റൂട്ടിൽ നിന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. സിറിയയിലുള്ള ഇന്ത്യൻ എംബസിയുടെ പ്രവർത്തനം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സിറിയയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. സിറിയയുടെ ഐക്യവും പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ഭരണകർത്താക്കൾ നടത്തുന്ന പരിശ്രമങ്ങൾ പ്രധാനമാണെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു. രാജ്യത്തെ എല്ലാ സമൂഹങ്ങളുടെയും താത്പര്യങ്ങളും അഭിലാഷങ്ങളും പരിഗണിക്കുന്ന ഭരണകൂടമാകട്ടെ ഇനി സിറിയയിൽ ഉദയം ചെയ്യുന്നതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.