തെലുങ്ക് സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു നടൻ അല്ലു അർജുന്റെ അറസ്റ്റ്. പുഷ്പ- 2 ന്റെ ആദ്യ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ഹൈദരാബാദിലെ വീട്ടിലെത്തിയാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അല്ലു ആരാധകരുടെ വലിയ പ്രതിഷേധങ്ങൾക്കാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. തിരക്കുകൾ മാറ്റിവച്ച് അല്ലു അർജുന്റെ കുടുംബത്തെ കാണാനെത്തിയ, താരത്തിന്റെ അടുത്ത ബന്ധവും നടനുമായ ചിരഞ്ജീവിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.
ഭാര്യ സുരേഖയ്‌ക്കൊപ്പമാണ് ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തിയത്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദുമായും മറ്റ് കുടുംബാംഗങ്ങളുമായി ചിരഞ്ജീവി സംസാരിച്ചു. സിനിമാ ചിത്രീകരണം നിർത്തിവച്ചാണ് ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തിയത്. രാഷ്‌ട്രീയ നേതാവും ചിരഞ്ജീവിയുടെ സഹോദരനുമായ നാഗ ബാബുവും അല്ലു അർജുന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ചു.
സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളായിരുന്നു അറസ്റ്റിന് മുന്നോടിയായി അല്ലുവിന്റെ വീട്ടിലുണ്ടായത്. ഭാര്യ സ്‌നേഹ റെഡ്ഡി, അച്ഛൻ അല്ലു അരവിന്ദ്, സഹോദരൻ അല്ലു സിരിഷ് എന്നിവരാണ് സംഭവ സമയത്ത് അല്ലു അർജുനൊപ്പെം വീട്ടിലുണ്ടായിരുന്നത്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റും റിമാൻഡും ഇടക്കാല ജാമ്യവുമൊക്കെ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അർജുൻ എത്തിയതുകൊണ്ടാണ് ദുരന്തമുണ്ടായിയെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെലങ്കാന ഹൈക്കോടതി, താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അല്ലു അർജുനിൽ കുറ്റം ചുമത്താനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.















