ഝാൻസി: വിദേശഫണ്ടിംഗുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതപണ്ഡിതനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ NIA ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നൂറോളം പേർക്കെതിരെ കേസ്. മുഫ്തി ഖാലിദിനെ ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ ഇരച്ചെത്തിയ ജനക്കൂട്ടം പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോയിരുന്നു. സംഭവത്തിൽ 111 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വിദേശ ഫണ്ടിംഗ് കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുഫ്തി ഖാലിദിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടർന്ന് പ്രദേശത്ത് നിന്നുള്ള ജനക്കൂട്ടമെത്തി ഉദ്യോഗസ്ഥരെ ആക്രമിച്ച് ഖാലിദിനെ മോചിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്തതെന്ന് ഝാൻസി അഡീഷണൽ പൊലീസ് സൂപ്രണ്ട് ജ്ഞാനേന്ദ്ര സിംഗ് പ്രതികരിച്ചു. ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുക, ജോലി തടസ്സപ്പെടുത്തുക, കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കണ്ടാലറിയുന്ന 11 പേർക്കെതിരെയും അജ്ഞാതരായ 100 പേർക്കെതിരെയും കേസെടുത്തതായി അദ്ദേഹം അറിയിച്ചു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 19 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. അസം, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അടങ്ങുന്ന മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, സിഡികൾ, ഹാർഡ് ഡിസ്കുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു.















