ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരാൾ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജ്ജുന്റെ മോചനം വൈകും. ശനിയാഴ്ച രാവിലെയാകും മോചനമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവ് അല്ലു അർജ്ജുനെ പാർപ്പിച്ചിരിക്കുന്ന ഹൈദരാബാദ് സെൻട്രൽ ജയിലിൽ രാത്രിയോടെ എത്തിച്ചിരുന്നു. എന്നാൽ തടവുകാരെ രാത്രി വിട്ടയയ്‌ക്കാൻ ജയിൽ മാനുവലിൽ നിയന്ത്രണങ്ങളുണ്ടെന്നാണ് ജയിൽ അധികൃതരുടെ വാദം. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ താരം ജയിൽമോചിതനാകുമെന്നാണ് റിപ്പോർട്ട്.
പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നമ്പളളി കോടതിയിൽ ഹാജരാക്കിയ അല്ലു അർജ്ജുനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് ഹൈദരാബാദ് സെൻട്രൽ ജയിലിലെത്തിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ രാത്രി തന്നെ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ജാമ്യ ഉത്തരവ് പരിശോധിച്ച ശേഷമാണ് ജയിൽ അധികൃതർ രാത്രിയിൽ വിട്ടയയ്‌ക്കാനാകില്ലെന്ന് വ്യക്തമാക്കിയത്.
അല്ലുവിന്റെ അറസ്റ്റ് തെലങ്കാനയിൽ രാഷ്‌ട്രീയ വിവാദമായി മാറിയതിനിടെയാണ് താരത്തിന് ഒരു രാത്രി ജയിൽവാസം അനുഭവിക്കേണ്ടി വരുന്നത്. ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പുഷ്പ 2 പ്രീമിയർ നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഭാര്യ അല്ലു സ്‌നേഹ റെഡ്ഡിക്കും ചിത്രത്തിലെ നായിക രശ്മികയ്‌ക്കും ഒപ്പം അല്ലു അർജ്ജുൻ എത്തിയിരുന്നു. അല്ലു അർജ്ജുനെ കാണാനായി ആരാധകരും വൻതോതിൽ തിയറ്ററിൽ തടിച്ചുകൂടി. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും അല്ലു അർജ്ജുനെ കാണാനെത്തിയ ആരാധിക മരണപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ തിയറ്റർ ഉടമകൾക്കും അല്ലു അർജ്ജുനുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.