തൃശൂർ: രണ്ട് മാസത്തിലേറെയായി ശമ്പളില്ലാതെ ദുരിതത്തിലായി ഷാർജയിലെ മലയാളികൾ. ഷാർജയിൽ വെൽഡിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ദുരിതം അനുഭവിക്കുന്നത്. കമ്പനി ഉടമ പാസ്പോർട്ട് പിടിച്ചു വെച്ചിരിക്കുന്നതിനാൽ നാട്ടിൽ പോകാനും സാധിക്കാത്ത ഗതികേടിലാണ് ഇവർ. ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ഒന്നര വർഷമായി ജോലി ചെയ്യുന്നുവെന്നും ഇന്നേ വരെ കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്ന് യുവാക്കളിലൊരാൾ പറഞ്ഞു. ചില മാസങ്ങളിൽ പത്തോ ഇരുപതോ ദിവസം വൈകിയാകും ശമ്പളം തരിക. ചിലപ്പോൾ ഇത് രണ്ട് മാസം വരെ പിടിച്ചുവയ്‌ക്കാറുണ്ടെന്നും യുവാവ് ആരോപിക്കുന്നു. കമ്പനി ഉടമയായ മലയാളി പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുകയാണ്. ശമ്പളം ലഭിക്കാത്തതിനാൽ നാട്ടിലുള്ള കുടുംബങ്ങളും ദുരിതത്തിലാണ്.
ശ്രീജിത്ത് എന്ന മലയാളിയാണ് മൂവർക്കും ആഹാരം ഉൾപ്പടെ വാങ്ങി നൽകുന്നത്. അദ്ദേഹത്തിന്റെ സന്മനസിനാൽ വിഷയം കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ശ്രദ്ധയിൽ പെടുത്തി. ഏത് രാത്രി വിളിച്ചാൽ പോലും സുരേഷ് ഗോപി ഫോണെടുക്കുമെന്നും പിന്തുണ നൽകുന്നുണ്ടെന്നും ശ്രീജിത്ത് ജനം ടിവിയോട് പറഞ്ഞു. ഭയപ്പെടേണ്ടെന്നും എത്രയും വേഗം നാട്ടിലെത്താനുള്ള സംവിധാനം സജ്ജമാക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി ശ്രീജിത്ത് കൂട്ടിച്ചേർത്തു. മന്ത്രി അടിയന്തിരമായി വിഷയത്തിലേർപ്പെട്ടതോടെ പ്രതീക്ഷയുടെ പച്ചത്തുരുത്തിലാണ് ഈ തൃശൂർ സ്വദേശികൾ.













