ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ഈ ആഴ്ച ഇത് മൂന്നാമത്തെ തവണയാണ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, വസന്ത് കുഞ്ചിന്റെ റയാൻ ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങിയവയ്‌ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂൾ പരിസരങ്ങളിൽ തെരച്ചിൽ തുടരുകയാണെന്നും, സംശയാസ്പദമായ രീതിയിൽ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. childrenofallah@outlook.com എന്ന ഇ മെയിൽ വിലാസത്തിൽ നിന്നും ബാരി അല്ലാഹ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
” അള്ളാഹുവിന്റെ ശിക്ഷയെ ചെറുക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ കാണുന്നുണ്ട്, എന്നാലത് വെറുതെയാണ്. കാരണം ഒരാൾക്ക് പോലും അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകില്ല” എന്നാണ് ഈ സന്ദേശത്തിൽ പറയുന്നത്. അള്ളാഹുവിനെ എതിർക്കുന്നവർ ലോകത്തിന്റെ ശത്രുക്കളാണെന്ന് മുഹമദ് നബി പറഞ്ഞിട്ടുള്ളതായും ഇതിൽ അവകാശപ്പെടുന്നു.
” ശനിയാഴ്ച സ്‌കൂളുകളിൽ വിദ്യാർത്ഥികൾ ഇല്ലാത്ത സമയത്ത് കെട്ടിടങ്ങൾ തകർക്കാനാണ് തീരുമാനിച്ചത്. പ്രവാചകനാൽ അനുഗ്രഹിക്കപ്പെട്ട ബോംബുകളാണ് ഞങ്ങളുടെ കൈവശമുള്ളത്. ആ ലക്ഷ്യം പരാജയപ്പെടില്ല. ഞങ്ങളുടെ കുട്ടികൾ അള്ളാഹുവിന്റെ ധീരന്മാരായ ദാസന്മാരാണ്. അവർ ഈ ദൗത്യം പൂർത്തിയാക്കുമെന്നും” ഇമെയിൽ സന്ദേശത്തിൽ പറയുന്നു. അതേസമയം വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 30ഓളം സ്‌കൂളുകൾക്കാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.















