കോഴിക്കോട്: പ്രഭാത വ്യായാമ കൂട്ടായ്മയുടെ മറവിൽ ഭീകരപ്രവർത്തന പരിശീലനമാണോ നൽകുന്നതെന്ന സംശയമാണ് മെക് സെവനെതിരെ ഉയരുന്നത്. കൂട്ടായ്മയുടെ പിന്നിൽ പോപ്പുലർ ഫ്രണ്ടും ഇമാഅത്തെ ഇസ്ലമിയുമാണെന്ന് ആരോപണം ആദ്യം ഉന്നയിച്ചത് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മേഹനൻ ആയിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മെക് സെവൻ കൂട്ടായ്മയുടെ കോഴിക്കോട് ചീഫ് കോർഡിനേറ്റർ ടിപിഎം ഹാഷിറലി.
മെക് 7 പ്രവർത്തനങ്ങൾ ബേപ്പൂർ മണ്ഡലത്തിൽ വ്യാപിപ്പിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒഫീഷ്യൽ ലെറ്റർ ഹെഡിലാണ് അദ്ദേഹം ആശംസ അറിയിച്ചത്. കൂട്ടായ്മയുടെ പല യൂണിറ്റുകളുടെയും ഉദ്ഘാടനം നിർവഹിക്കാൻ എത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട് മേയർ ബീന ഫിലിപ്പും പരിപാടികൾ ഉദ്ഘാടനം ചെയ്തിരുന്നു. മെക് സെവന്റെ കോഴിക്കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി അഹമദ് ദേവർകോവിലാണ്. മെക് സെവൻ കൂട്ടായ്മയിൽ സിപിഎം നേതാക്കളും ഉണ്ടെന്നും ഹാഷിറലി പറഞ്ഞു.
മെക് 7 കൂട്ടായ്മക്ക് പിന്നിൽ നിയമ വിരുദ്ധ പ്രവർത്തനം ഉണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി മുഹമ്മദ് റിയാസ് അയച്ച കത്തും മേയർ ബീന ഫിലിപ്പ് പങ്കെടുക്കുന്ന പരിപാടിയുടെ ഫോട്ടോകളും സംഘാടകർ പുറത്തുവിട്ടു. വ്യായാമം നടത്തുന്നവരുടെ കൂട്ടായ്മ സിപിഎം സമാന്തരമായി സംഘടിപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നും അതു കൊണ്ടാകാം ഇതിനെ എതിർക്കുന്നതെന്നും ടിപിഎം ഹാഷിറലി പറഞ്ഞു.
സൗജന്യ പരിശീലനം എന്നുപറഞ്ഞ് വാട്സ്ആപ്പ് വഴിയാണ് ഇവർ ആളെ കൂട്ടുന്നത്. മതരാഷ്‌ട്രവാദികളും തീവ്രവാദികളും നടത്തുന്ന പ്രവർത്തനമാണിതെന്നും പി. മോഹനൻ അന്ന് ആരോപിച്ചിരുന്നു. മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരന്നു. മെക് സെവന് പിന്നിൽ ചതിയുണ്ടെന്നും സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു. മെക് സെവന്റെ പ്രവർത്തനം സംബന്ധിച്ച സംശയങ്ങളിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് കൂട്ടായ്മ പെട്ടെന്ന് വളർന്നത്.















