തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ കനക്കുന്നത്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
നിലവിൽ ലക്ഷദ്വീപിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദുർബലമാകാൻ സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ ഇത് ന്യൂനമർദ്ദമായി മാറി, തമിഴ്നാട് തീരത്തേക്ക് നീങ്ങും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിലും വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസബർ 17-ന് തമിഴ്നാട്ടിലെ 10 തീരദേശ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടമേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടിലെ ഉൾപ്രദേശങ്ങളിലും ചെന്നൈയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. തിരുനെൽവേലി, തെങ്കാശി, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.