ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അനിശ്ചിതത്വം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി മുൻ താരം സുരേഷ് റെയ്ന. താരങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്നും ജയ് ഭായ് (ജയ് ഷാ) എന്ത് തീരുമാനമെടുത്താലും അത് സുരക്ഷയ്‌ക്ക് പ്രധാനമാകുമെന്നും സുരേഷ് റെയ്ന പറഞ്ഞു.ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെൻ്റിൽ ഇന്ത്യയുടെ മൂന്ന് ലീഗ്-സ്റ്റേജ് മത്സരങ്ങൾ ദുബായിൽ നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്തായില്ലെങ്കിൽ സെമിഫൈനലും ഫൈനലും ദുബായിലാകും നടക്കുക. ഇതാണ് ഹൈബ്രിഡ് മോഡലിൽ നിശ്ചയിച്ചിരിക്കുന്നത്. ഉടനെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.”കളിക്കാരുടെ സുരക്ഷ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ജയ് ഭായ് (ജയ് ഷാ) എന്ത് തീരുമാനമെടുത്താലും അത് സുരക്ഷയ്‌ക്ക് പ്രധാനമാണ്. ടൂർണമെൻ്റ് ഹൈബ്രിഡ് മോഡലിൽ നടക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. അതാണ് നല്ല വഴിയും.” റെയ്ന പറഞ്ഞു.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചുള്ള ചാമ്പ്യൻസ് ട്രോഫി 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ സെമിഫൈനലിലേക്കും തുടർന്ന് ഫൈനലിലേക്കും മുന്നേറും.