പാലക്കാട്: ബൈക്കിൽ ജിമ്മിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലക്കാട് തത്തമംഗലം പള്ളത്താംപുള്ളിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അത്തിമണി സ്വദേഹി മുഹമ്മദ് സിയാദ് (21) ആണ് മരിച്ചത്.
സിയാദിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്ത അനസിന് (16)ഗുരുതരമായി പരിക്കേറ്റു. അത്തിമണിയിൽ നിന്നും തത്തമംഗലം ഭാഗത്തെ ജിമ്മിലേക്ക് പോകുകയായിരുന്ന സിയാദും അനസും. ഇവർ സഞ്ചരിച്ച ബൈക്കും മേട്ടുപ്പാളയം ഭാഗത്ത് നിന്നും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്.
മുന്നിലുള്ള ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ബൈക്കിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് സിയാദ് റോഡിലേക്കും അനസ് ട്രാക്ടറിന്റെ മുകളിലേക്കും തെറിച്ചു വീണു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് സിയാദിനെ രക്ഷിക്കാനായില്ല. വിദഗ്ദ ചികിത്സക്കായി അനസിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് സിയാദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.















