ബെംഗളൂരു: വിവാഹമോചനത്തിന് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനും അറസ്റ്റിൽ. അതുൽ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ നിഖിത സിങ്കാനിയ, മാതാവ് നിഷ, സഹോദരൻ അനുരാഗ് എന്നിവരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നികിതയെ ഗുരുഗ്രാമിൽ നിന്നും മറ്റ് രണ്ട് പേരെ പ്രയാഗ്രാജിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കേസ് അന്വേഷിക്കുന്ന ബെംഗളൂരു പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി നികിതയുടെ ജന്മദേശമായ ഉത്തർപ്രദേശിലെ ജൗൻപൂരിലെത്തിയിരുന്നു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും അറസ്റ്റിലായത്. ഭാര്യക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് അതുൽ ആത്മഹത്യ ചെയ്തത്. ഭാര്യവീട്ടുകാരുടെ പീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പുറത്തുവിട്ടിരുന്നു.
കർണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുൽ നികിതയുമായി വേർപിരിഞ്ഞാണാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദർശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നു. ഭാര്യകും മകനും ചെലവിനായി പ്രതിമാസം രണ്ട് ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. വിവാഹമോചന കേസ് കൈകാര്യം ചെയ്തിരുന്ന ജൗൻപൂരിലെ കുടുംബകോടതിയിലെ വനിതാ ജഡ്ജി, ഭാര്യവീട്ടുകാരുടെ പക്ഷത്ത് നിന്ന് മാത്രമാണ് കേസ് കൈകാര്യം ചെയ്തിരുന്നതെന്നും കേസ് ഒതുക്കി തീർക്കാനായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ആത്മഹത്യ കുറിപ്പിലുണ്ട്.