മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാണ്. വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ ബിഗ് എമ്മുകൾ ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഇപ്പോഴിതാ സംവിധായകനും സോഷ്യൽമീഡിയ താരവുമായ അഖിൽ മാരാരും ചിത്രത്തിലുണ്ടെന്നാണ് വിവരം. അഖിൽ മാരാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മമ്മൂട്ടിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവക്കുകയാണ് താരം.
മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹത്തോടെ ഓഗസ്റ്റ് 15 എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി ദൂരെ മാറി നിന്നു കണ്ടു. എന്നാലിന്ന് തൊട്ടടുത്തിരുന്ന സംസാരിക്കാനുള്ള ഭാഗ്യമുണ്ടായെന്നും അഖിൽ മാരാർ കുറിച്ചു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായി മാറാൻ പോകുന്ന ചിത്രത്തിന്റെ ഭാഗമാകാൻ തനിക്ക് ഭാഗ്യം ലഭിച്ചെന്നും അഖിൽ മാരാർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
“ഓഗസ്റ്റ് 15 സിനിമയുടെ ലൊക്കേഷനിൽ കയറിപ്പറ്റി ചില്ലറ സഹായങ്ങൾ സംവിധായക ടീമിന് ചെയ്ത എന്റെ പ്രധാന ഉദ്ദേശ്യം മമ്മൂക്കയെ നേരിൽ കാണുക എന്നതായിരുന്നു. അന്ന് ദൂരെ മാറി നിന്ന് കണ്ട എനിക്ക്, പിന്നീട് എന്റെ സിനിമ ചെയ്തപ്പോൾ അടുത്ത് നിന്ന് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റൂമിൽ കാണാൻ ചെന്ന അനുഭവം ജീവിതത്തിലെ മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു.
മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ആയി മാറാൻ സാധ്യതയുള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. മമ്മൂക്ക -ലാലേട്ടൻ -ഫഹദ് -നയൻതാര -ചാക്കോച്ചൻ എന്നിവർ ഒന്നിക്കുന്ന നൂറ് കോടിക്ക് മുകളിൽ നിരവധി രാജ്യങ്ങളിലായി ഒരുക്കുന്ന പ്രൊജക്ട്.
സുബാഷേട്ടനും ബേസിലും ഒരുമിച്ചാണ് മമ്മൂക്കയെ കാണാൻ റൂമിൽ ചെന്നത്. വാട്സാപ്പിൽ അയയ്‌ക്കുന്ന മെസേജുകൾക്ക് കൃത്യമായി മറുപടി തരുന്ന മമ്മൂക്ക എന്നെ കണ്ടപ്പോൾ തന്നെ അഖിൽ എപ്പോ എത്തി എന്ന് ചോദിച്ചപ്പോൾ തന്നെ മനസ് നിറഞ്ഞു. പിന്നീട് ഒപ്പം ഇരുത്തി അര മണിക്കൂറോളം സംസാരിച്ചു. വല്യേട്ടൻ പ്രൊമോഷന് പോയപ്പോൾ ഞാൻ സംസാരിച്ചത് മമ്മൂക്ക കേട്ടെന്നും മിക്ക വീഡിയോസും കാണാറുണ്ടെന്നും പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നുവെന്നും അഖിൽ മാരാർ കുറിച്ചു.
മമ്മൂക്ക വരും തലമുറയ്‌ക്ക് ഒരു പാഠപുസ്തകമാണ്. അഭ്രപാളിയിൽ അത്ഭുതം ഒരുക്കാൻ പ്രായത്തെ മനസ് കൊണ്ടും പരിശ്രമം കൊണ്ടും കീഴ്പ്പെടുത്തിയ മജീഷ്യൻ. മലയാളിയുടെ അഭിമാനം. സ്വകാര്യ അഹങ്കാരം”- എന്നും അഖിൽ മാരാർ കുറിക്കുന്നു.















