സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ കേരളത്തിന് ആശിച്ച തുടക്കം. ആവേശ പോരിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ഗോവയെ കീഴടക്കി. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിന്റെ സ്കോറർമാർ. ഗോവയുടെ ഗോളോടെയാണ് മത്സരം ചൂടുപിടിച്ചത്. പിന്നാലെ 15-ാം മിനിട്ടിൽ റിയാസ് കേരളത്തെ ഒപ്പമെത്തിച്ചു. തുടർന്ന് അജ്മലും റഹ്മാനം ഗോവയുടെ ഗോൾ വലയിൽ പന്തെത്തിച്ചതോടെ ആദ്യ പകുതിയിൽ ലീഡ് 3-1 ആയി ഉയർന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലെ കേരളം വലകുലുക്കി. ക്രിസ്റ്റി ഡേവിസാണ് ലീഡ് നാലാക്കി ഉയർത്തിയത്. വിജയം ഉറപ്പിച്ചിരിക്കെയാണ് ഗോവയുടെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. കേരളത്തിന്റെ പ്രതിരോധത്തെ വെല്ലുവിളിച്ച് തുടരെ രണ്ടുഗോളുകൾ ഗോവ വലയിലെത്തിച്ചതോടെ ആവേശം കൊടുമുടി കയറി. ഒപ്പമെത്താൻ ഗോവയും പിടിച്ചുനിൽക്കാൻ കേരളവും ബലപരീക്ഷണം നടത്തി. അവസാന നിമിഷം വരെ പൊരുതിയിട്ടും കേരളത്തിന്റെ വല വീണ്ടും ചലിപ്പിക്കാൻ ഗോവയ്‌ക്ക് സാധിച്ചില്ല.