ബസ്തർ: ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരാൻ നക്സലുകൾ തയ്യാറാകണമെന്ന് വീണ്ടുമഭ്യർത്ഥിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. മടങ്ങിവരാൻ തയ്യാറാകുന്ന ഓരോ നക്സലിന്റെയും പുനരധിവാസം ഉറപ്പുവരുത്തുകയെന്നത് സർക്കാരിന്റെ കടമയാണെന്നും അമിത് ഷാ വ്യക്തമാക്കി. ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“നക്സൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ മുന്നോട്ടുവരണം, ആയുധങ്ങൾ ഉപേക്ഷിക്കണം, കീഴടങ്ങണം, മുഖ്യധാരയുടെ ഭാഗമാകണം. നിങ്ങളുടെ പുനരധിവാസം ഞങ്ങളുടെ കടമയാണ്.” അമിത് ഷാ പറഞ്ഞു. കീഴടങ്ങുന്ന നക്സലുകൾക്ക് മികച്ച പാക്കേജുകളാണ് സംസ്ഥാന സർക്കാരുകൾ നൽകുന്നത്. അത് നിങ്ങൾ വിനിയോഗിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
2026 മാർച്ചോടെ ഈ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുകയെന്നതാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി ആവർത്തിച്ചു. ഛത്തീസഗ്ഡിൽ നക്സലിസത്തിന്റെ ഭീഷണി ഇല്ലാതാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഇവിടം നക്സൽ മുക്തമാകുമ്പോൾ ഈ രാജ്യം മുഴുവൻ നക്സലിസത്തിൽ നിന്ന് രക്ഷനേടും. ഛത്തീസ്ഗഡിൽ നിന്ന് നക്സലിസം തുടച്ചുനീക്കുന്നതിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി ഈ ലക്ഷ്യം നിറവേറ്റാൻ പ്രയത്നിക്കുമെന്നും അമിത് ഷാ പറഞ്ഞു.