തിരുവനന്തപുരം: നിങ്ങൾ ഏതുസിനിമ കാണണം, കാണേണ്ട എന്ന തീരുമാനം ഏതെങ്കിലും ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർക്ക് വിട്ടുകൊടുക്കരുതെന്ന് കെ. ജയകുമാർ. ഗാനരചയിതാവും കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ, തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. റിവ്യൂ ബോംബിംഗ് വൻ ചർച്ചകൾക്ക് വഴിയൊരുക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടിയായിയരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഈണത്തിനൊത്ത് പാട്ടുകൾ എഴുതാൻ തുടങ്ങിയതോടെയാണ് മലയാള സിനിമാ ഗാനങ്ങൾക്ക് ഒരു ലക്കും ലഗാനും ഇല്ലാതായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാളത്തിൽ വാക്കുകൾ ഇല്ലാത്ത ഈണങ്ങൾ വരുമ്പോഴാണ് വിചിത്രമായ വാക്കുകൾ ഗാനരചയിതാക്കൾക്ക് എഴുതേണ്ടി വരുന്നത്. അർത്ഥമില്ലാത്ത ഗാനങ്ങൾ ജനങ്ങളുടെ മനസ്സിൽ നിൽക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സോണി ജോസഫ് സംവിധാനം ചെയ്ത ‘അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി’ എന്ന സിനിമയുടെ ഗാനങ്ങൾ പ്രകാശനം ചെയ്തതിന് പിന്നാലെയാണ് കെ. ജയകുമാർ തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്.
അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയത് ശ്രീനിവാസൻ നായരാണ്. അനിൽ കൃഷ്ണ, രവീന്ദ്രൻ തിരുവല്ല എന്നിവരുടേതാണ് സംഗീതം. സജീവ് സി വാര്യർ, പ്രശാന്ത് പുതുക്കരി, വൈഗ ലക്ഷ്മി എന്നിവരാണ് ഗായകർ. ഋഷിരാജ് സിംഗ് ഐപിഎസായിരുന്നു ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുത്തത്.