മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് രണ്ടാം കിരീടം. ശ്രേയസ് അയ്യർ നയിച്ച മുംബൈ അഞ്ചുവിക്കറ്റിനാണ് രജത് പാട്ടിദാറുടെ മധ്യപ്രദേശിനെ വീഴ്‌ത്തി കിരീടം ചൂടിയത്. സ്കോർ-മധ്യപ്രദേശ് 174/8, മുംബൈ 180/5. 13 പന്ത് ശേഷിക്കെയാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്. സൂര്യകുമാർ യാദവിന്റെയും (48) അജിൻക്യ രഹാനെയുടെയും (37) പ്രകടനമാണ് മുംബൈക്ക് കരുത്ത് പകർന്നത്. സുര്യാൻഷ് ഷെഡ്ഗെയുടെ(37) പ്രകടനം മുംബൈയുടെ ജയം അനായാസമാക്കി. 469 റൺസ് നേടി ടോപ് സ്കോററായ രഹാനെയാണ് പരമ്പരയിലെ താരം. സുര്യാൻഷ് കളിയിലെ താരമായി.
ടോസ് നേടിയ മുംബൈ മധ്യപ്രദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. 40 പന്തിൽ 81 റൺസ് നേടിയ ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ പ്രകടനമാണ് മധ്യപ്രദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 23 റൺസ് നേടിയ സേനാപതിയാണ് മറ്റൊരു ടോപ് സ്കോറർ. മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല.മുംബൈക്ക് വേണ്ടി ഷർദൂൽ ഠാക്കൂർ, റോയ്സ്റ്റൺ ഡയസ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗിൽ മുംബൈക്ക് നല്ല തുടക്കമായിരുന്നില്ല. ഒരിക്കൽക്കൂടി പൃഥ്വി ഷാ(10) നിറം മങ്ങി. ക്യാപ്റ്റൻ ശ്രേയസ് അയ്യറും(16) പെട്ടെന്ന് മടങ്ങി. 52 റൺസ് നേടിയ രഹാനെ സൂര്യകുമാർ സഖ്യമാണ് മുംബൈക്ക് അടിത്തറ നൽകിയത്. തകർത്തടിച്ച സൂര്യാൻഷ്-അൻകോലേക്കർ സഖ്യം 19 പന്തിൽ 51 റൺസ് ചേർത്ത് മധ്യപ്രദേശിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിംഗ് രണ്ടുവിക്കറ്റ് നേടി.