മുംബൈ: മൻമോഹൻ സിങ്ങിനെ രാഷ്‌ട്രപതിയാക്കി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നുവെങ്കിൽ 2014ൽ കോൺഗ്രസ് ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ‘എ മാവെറിക്ക് ഇൻ പൊളിറ്റിക്‌സ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് മുന്നോടിയായി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മണിശങ്കർ അയ്യർ തന്റെ അഭിപ്രായം പങ്കുവച്ചത്.
2012ൽ മൻമോഹൻ സിങ് കൊറോണറി ബൈപാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. പിന്നീട് ശാരീരികമായ ബുദ്ധിമുട്ടുകൾ തുടർച്ചയായി അദ്ദേഹത്തെ അലട്ടിയിരുന്നു. ഭരണത്തിലും ഇത് പ്രതിഫലിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതേസമയം തന്നെ സോണിയ ഗാന്ധിക്കും ആരോഗ്യപരമായി പല ബുദ്ധിമുട്ടികളും നേരിടേണ്ടി വന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലും പാർട്ടി അദ്ധ്യക്ഷന്റെ ഓഫീസിലും ഒരേ സമയം അനിശ്ചിതത്വങ്ങൾ നേരിടേണ്ടതായി വന്നു.
ഈ സമയത്ത് തന്നെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരായ ഇന്ത്യ എന്ന പേരിൽ ബഹുജന പ്രസ്ഥാനം രൂപംകൊണ്ടത്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ യുപിഎ സര്‍ക്കാരിന് സാധിച്ചില്ല. 2012ൽ പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കണമെന്നും മൻമോഹൻ സിങ്ങിനെ രാഷ്‌ട്രപതിയായും നിയമിക്കണമെന്ന് വ്യക്തിപരമായ അഭിപ്രായം നേതൃത്വത്തോട് പങ്കുവച്ചിരുന്നു. സർക്കാരിനെ നയിക്കാൻ ഊർജ്ജസ്വലനായ പ്രധാനമന്ത്രിയെ ആവശ്യമായിരുന്നു.
ഈ കാര്യം സോണിയ ഗാന്ധിയും പരിഗണിച്ചിരുന്നതായി പ്രണബ് മുഖർജി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് അതിൽ നീക്കുപോക്കുകൾ ഉണ്ടായില്ല. ഒരുപക്ഷേ അന്ന് ഈ വിഷയത്തിൽ നല്ലൊരു ഇടപെടൽ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവെങ്കിൽ 2014ൽ ഇത്ര വലിയ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ലെന്നും” മണിശങ്കർ അയ്യർ പറയുന്നു.















