ന്യൂഡൽഹി: 1971-ലെ പാകിസ്താൻ- ഇന്ത്യ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യൻ സായുധസേനയുടെ ത്യാഗവും നിസ്വാർത്ഥ സേവനവും രാജ്യം ഒരിക്കലും മറക്കില്ലെന്നും അചഞ്ചലമായ ധൈര്യത്തിനും ദേശസ്‌നേഹത്തിനും അഭിവാദ്യമെന്നും രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
“ഇന്ന് വിജയ് ദിവസ്. ഇന്ത്യൻ സായുധസേനയുടെ ധീരതയെയും ത്യാഗത്തെയും അഭിവാദ്യം ചെയ്യുന്നു. സൈനിക ശക്തിയുടെ ധൈര്യവും രാജ്യസ്നേഹവും നമ്മുടെ രാജ്യത്തെ എന്നും സംരക്ഷിക്കും. അവരുടെ ത്യാഗത്തെയും രാജ്യം എന്നും ഓർക്കുമെന്നും” രാജ്നാഥ് സിംഗ് കുറിച്ചു.
1971-ലെ യുദ്ധത്തിൽ ധീരത പ്രകടിപ്പിച്ച്, ഇന്ത്യയ്‌ക്ക് വിജയം ഉറപ്പാക്കിയ ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു. “സൈനികരുടെ ത്യാഗത്തെ എന്നും രാജ്യം ഓർമിക്കും. അവരുടെ പോരാട്ടങ്ങളും നിസ്വാർത്ഥ സേവനങ്ങളും രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പ്രചോദനകരമാണ്. അഭിമാനത്തിന്റെ ഉറവിടമായി അവർ എന്നും നമ്മുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുമെന്നും”രാഷ്‌ട്രപതി കുറിച്ചു.
ഇന്ത്യൻ സായുധ സേനയിലെ സൈനികരുടെ ധീരതയുടെയും അചഞ്ചലമായ അർപ്പണബോധത്തിന്റെയും അടയാളമാണ് വിജയ് ദിവസെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.”1971-ലെ ഈ ദിവസം, ശത്രുക്കളെ കീഴടക്കി ആത്മാഭിമാനത്തോടെ ത്രിവർണപതാക ഉയർത്തിയ സൈനികർ, ലോകഭൂപടത്തിൽ ചരിത്രപരമായ മാറ്റം സൃഷ്ടിച്ചു. സൈനികരുടെ പോരാട്ടത്തിൽ രാജ്യം എന്നും അഭിമാനിക്കും”- അമിത് ഷാ എക്സിൽ കുറിച്ചു.